കോഴിക്കോട്: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന ഒഡീഷ സ്വദേശി പിടിയില്‍. പൊറ്റമ്മല്‍ പാലാഴി റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റിരുന്ന ഗോപാല്‍പൂര്‍ ഗന്‍ജാം സ്വദേശി ഹരസ് ഗൗഡ(19)യാണ് പിടിയിലായത്.
ഇയാളില്‍ നിന്നും 2.120 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
ഇതിന് എഴുപതിനായിരം രൂപയിലേറെ വിലമതിക്കും. ഒഡീഷയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. കോണ്‍ക്രീറ്റ് പണിക്കാരനാണെന്നാണ് ഇയാള്‍ മിക്കവരോടും പറഞ്ഞിരുന്നത്.
നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ഇന്‍സ്പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളജ് പോലീസും ചേര്‍ന്നാണ് ഹരസിനെ പിടികൂടിയത്.
അതിഥി തൊഴിലാളികള്‍ക്കിടയിലാണ് പ്രതി കൂടുതലായും കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇയാളെ ഏറെ നാളായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഒട്ടേറെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് പൊറ്റമ്മല്‍ ജംക്ഷൻ.