ഇടുക്കി: വില്‍ക്കാനായി കഞ്ചാവ് കൈവശം സൂക്ഷിച്ച സിപിഐഎം നേതാവടക്കം രണ്ടു പേര് അറസ്റ്റില്‍. കൊന്നത്തടി ചിന്നാര്‍ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാര്‍ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണ് പൊലീസ് പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. സിപിഐഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ് പിടിയിലായ സിബി.
ചിന്നാര്‍ ചപ്പാത്തിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ കയ്യില്‍ കരുതിയിരുന്ന ബാഗില്‍ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവു കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എന്‍ എസ് റോയി, എസ്ഐ സി ടി ജിജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.