തിരുവനന്തപുരം: വാലന്റൈന്‍സ് ദിനത്തില്‍ മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം കാമുകനോടൊപ്പം നാടുവിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് അറസ്റ്റിലായത്. ഇവരുടെ കാമുകനായ കോട്ടൂര്‍ ആതിരാ ഭവനില്‍ വിഷ്ണു(34)വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 14ന് രാവിലെ കുട്ടികളെ സ്കൂളിലേക്ക് വിടാന്‍ ശ്രീജ അരശുംമൂട് ജങ്ഷനില്‍ എത്തിയിരുന്നു. ഒമ്പത് മണിയോടെ സ്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം ഇവര്‍ കാമുകനോടൊപ്പം കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു.
ശ്രീജയുടെ പ്ലേ സ്കൂളില്‍ പഠിക്കുന്ന മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് വൈകുന്നേരം ബസില്‍ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കൂട്ടികൊണ്ട് പോകാന്‍ ആരെയും വന്നിരുന്നില്ല. അമ്മയെ കാണാതെ കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ശ്രീജ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജ നാടുവിട്ട വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് ശ്രീജയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.