കോതമംഗലം: യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ ഷാപ്പിലെത്തിയ സംഭവത്തില്‍ ഷാപ്പ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് എക്സൈസ്. ഷാപ്പ് ലൈസന്‍സിക്കെതിരെയും കേസുണ്ട്. തങ്കളം ബൈപ്പാസ് റോഡിലെ കള്ളുഷാപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി.
വിദ്യാര്‍ത്ഥികള്‍ ഷാപ്പില് നിന്ന് ഇറങ്ങുന്നതും ഇരുചക്ര വാഹനത്തില്‍ കയറി പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. 23 വയസില്‍ താഴെയുള്ളവര്‍ക്ക് കള്ളോ മദ്യമോ നല്കാന് പാടില്ലെന്നാണ് അബ്കാരി നിയമം. ഇത് ലംഘിച്ചതിനാണ് നടപടി. ഷാപ്പ് പരിശോധിച്ച എക്സൈസ് അധികൃതര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
റസ്റ്റോറന്റും ചേര്‍ന്നാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികള്‍ക്ക് കള്ള് നല്‍കിയിട്ടില്ലെന്നുമാണ് ജീവനക്കാരന്റെ മൊഴി. വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കുന്നതിന്റെയോ കുടിക്കുന്നതിന്റെയോ തെളിവ് ലഭിച്ചിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഷാപ്പിലെത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.