കുന്നംകുളം: ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയില്‍ കണ്ണികളെ ചേര്‍ക്കാനെത്തിയ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ഇവരില്‍ നിന്ന് 4.2 ഗ്രാം എം.ഡി.എം.എ.യും പോലീസ് പിടിച്ചെടുത്തു. കൂറ്റനാട് വാവന്നൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീക് (32), കൂറ്റനാട് ചേറത്തുവളപ്പില് അനസ് (26), കൊല്ലം പട്ടത്താനം മലരണി വീട്ടില്‍ സുരഭി (23), ചേര്‍ത്തല അര്‍ത്തുങ്കല്‍ നടിപറമ്പില് വീട്ടില്‍ ഷെറിന് (29) എന്നിവരെയാണ് എ.സി.പി. സി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ കുന്നംകുളത്തെ സ്വകാര്യ ലോഡ്ജില്‍നിന്ന് പിടികൂടിയത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടാണ് ഇവര്‍ ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന സംഘത്തിലെ കണ്ണികളായത്. പോര്‍ക്കുളം സ്വദേശിയാണ് കുന്നംകുളത്ത് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുള്ളത്. രണ്ടുദിവസമായി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
പിടിയിലായ ഷെറിന് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ലഹരി പദാര്‍ഥങ്ങളുടെ വില്പ്പനസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. കുന്നംകുളം കേന്ദ്രീകരിച്ച് കൂടുതല്‍ പേരെ ഇവരുടെ സംഘത്തിലേക്ക് ചേര്‍ക്കുന്നതിനുള്ള ആലോചനകളാണ് നടന്നിരുന്നതെന്ന് സംശയിക്കുന്നു. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു. എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്, എസ്.ഐ. കെ. നന്ദകുമാര്‍, ഷക്കീര്‍ അഹമ്മദ്, സി.പി.ഒ. രവി, ജോണ്സണ്, ഇക്ബാല്‍, ലഹരിവിരുദ്ധ സ്ക്വാഡിലെ എസ്.ഐ. പി. രാഗേഷ്, എസ്. ശരത്ത്, കെ. ആശിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.