തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നത് അതിക്രൂരമായി. വായില്‍ തുണിതിരുകിയശേഷം കമ്പിപ്പാര കൊണ്ടാണ് ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചുവെന്നും ബന്ധുവിന്റെ മൊഴി. അക്രമത്തിനിടെ കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്നും കൊല്ലപ്പെട്ട ലീനാ മണിയുടെ സഹോദരി പുത്രന് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂര്‍ കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണി(56)യെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ വെട്ടിക്കൊന്നത്. രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ആക്രമണമുണ്ടായത്. ലീനയുടെ ഭര്തൃസഹോദരന്മാരായ അഹദ്, മുഹസിന്, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടില്‍ സഹായിയായി നില്ക്കുന്ന സരസുവിന്റെ മൊഴി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ സരസു ആശുപത്രിയില്‍ ചികിത്സയിലാണ്.
ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് ഒന്നരവര്‍ഷം മുന്‍പാണ് മരിച്ചത്. ഇതിനുശേഷം ഭര്‍തൃസഹോദരങ്ങളും ലീനയും തമ്മില്‍ സ്വത്തുതര്‍ക്കമുണ്ടായിരുന്നു. സിയാദിന്റെ പേരിലുള്ള വീടും വസ്തുവകകളും സഹോദരങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്.
മരിച്ച സിയാദിന്റെ പേരില്‍ വീടും വാഹനങ്ങളും വസ്തുക്കളും അടക്കം ഒരുപാട് സ്വത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 30 വര്‍ഷത്തോളമായി ലീനാ മണിയും കുടുംബവും കളത്തറയിലാണ് താമസം. സാമ്പത്തികമായി നല്ലനിലയിലുള്ള കുടുംബമാണ്. ഭര്‍ത്താവിന്റെ മരണശേഷം ലീനയും സഹായി സരസുവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടുത്തിടെ സിയാദിന്റെ ഇളയസഹോദരന് അഹദ് ഭാര്യയെയും കുട്ടിയെയും കൂട്ടി ഇവിടെവന്ന് താമസമാക്കി. അഹദ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും നാട്ടുകാരുമായി ഇവര്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പരിസരവാസികള്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി റൂറല്‍ എസ്.പി. ഡി.ശില്പ പറഞ്ഞു.