തിരുവനന്തപുരം: ബാലരാമപുരത്തെ അല്‍ ആമന്‍ മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി സ്ഥാപന മേധാവികള്‍. അസ്മിയയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ ഉസ്താദ് മുഹമ്മദ് ജാഫര്‍ പറഞ്ഞു. വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ ശകാരിച്ചതായി അസ്മിയ പറഞ്ഞു. അസ്മിയയ്ക്ക് സ്ഥാപനത്തില്‍ തുടരാന്‍ താല്പര്യമുണ്ടായിരുന്നില്ല. അസ്മിയയെ കാണാന്‍ എത്തിയപ്പോള്‍ ഉമ്മയെ തടഞ്ഞിട്ടില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സ്ഥാപന മേധാവികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി പതിനേഴുകാരി അസ്മിയമോളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠന കേന്ദ്രത്തിലാണ് സംഭവം. അസ്മിയ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിക്ക് സ്ഥാപന അധികൃതരില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നിരുന്നുവെന്നാണ് കുടംബം ആരോപിക്കുന്നത്.
അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തീരുമാനം.