കൊടകര കുഴല്‍പ്പണക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു. തൃശൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്.
ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അടുത്ത ദിവസം തന്നെ നിയമനം ഉണ്ടാകും. അതേസമയം, കൊടകര കള്ളപ്പണ കവര്‍ച്ച കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുല്‍ ഷാഹിദ്, ബാബു, മുഹമ്മദ് അലി, റൗഫ് അടക്കം ആറ് പേരുടെ ഹര്‍ജിയാണ് തള്ളിയത്. കവര്‍ച്ചാ പണം പൂര്‍ണമായി കണ്ടെത്തിയില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം എടുത്തിരുന്നു. എന്നാല്‍ കേസിലെ സര്‍ക്കാരിൻ്റെ ഇടപെടലിനെ സുരേന്ദ്രന് ചോദ്യം ചെയ്യുകയും അന്വേഷണം വിചിത്രമാണെന്ന് പ്രതികരിക്കുകയും ചെയ്തു.