കൊല്ലം: പത്തനാപുരത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവാദ ബന്ധമുണ്ടെന്ന് സംശയം. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി എസ്) കേസ് അന്വേഷിക്കും. പ്രദേശത്ത് പൊലീസും എ ടി എസും സംയുക്തമായി ഇന്ന് പരിശോധന നടത്തും.
ചില തീവ്രസംഘടനകള്‍ പ്രദേശത്ത് ആയുധ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടി. രണ്ട് മാസം മുന്‍പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെ അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് കശുമാവിന് തോട്ടത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. വനംവകുപ്പിൻ്റെ അധീനതയിലുള്ള സ്ഥലമാണിത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് സ്ഥിരം പരിശോധന നടത്താറുണ്ട്. ഇത്തരത്തില്‍ ഇന്നലെ പരിശോധന നടത്തിയപ്പോഴാണ് ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്.