മലപ്പുറം: തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫുചെയ്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങരംകുളം മൂക്കുതല പനങ്ങാട്ടയില്‍ റിംഷാദിന്റെ പേരിലാണ് കേസ്. ചങ്ങരംകുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫുചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം സമാനമായ കേസില്‍ ആലങ്കോട് സ്വദേശിക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫുചെയ്ത് പ്രചരിപ്പിച്ച ആലങ്കോട് സ്വദേശിക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി പ്രകാരമാണ് ചങ്ങരംകുളം പൊലീസ് ഇതിനു മുമ്പ് കേസെടുത്തിരുന്നത്.