കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന് പരിസരത്തെ വാഹനങ്ങള്‍ തീയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം സമീപത്തെ കെട്ടിടത്തില്‍ ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു പൊലീസ് സ്റ്റേഷന് പരിസരത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. മൂന്ന് വാഹനങ്ങള്‍ പൂണ്ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗീകമായും കത്തി നശിച്ചു. കത്തി നശിച്ച വാഹനങ്ങളില്‍ ഒന്ന് ചാണ്ടി ഷമീമിന്റേതായിരുന്നു.
വാഹനങ്ങള്‍ക്ക് മനഃപൂര്‍വം തീയിട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കാപ്പ പ്രതിയായ ചാണ്ടി ഷമീമും സംഘവും ചേര്‍ന്ന് തീയിട്ടതാണെന്ന പൊലീസിന്റെ സംശയം പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് ചാണ്ടിക്കായി നടത്തിയ അന്വേഷണത്തില്‍ പൊലീസ് സ്റ്റേഷന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ നിന്ന് പ്രതിയെ പിടികൂടി. കെട്ടിടത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.