തൃശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്.ആറുമാസത്തേക്ക് നാടുകടത്താനാണ് ഡിഐജി അജിതാബീഗം ഉത്തരവിട്ടത്.കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്.
ജീപ്പ് കത്തിച്ചത് ഉള്‍പ്പെടെ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ മൂന്നും ആളൂർ സ്റ്റേഷനില്‍ ഒരു കേസിലും പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ.
ഡിസംബർ 22 ന് ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിഥിൻ പോലീസ് ജീപ്പ് തടഞ്ഞുനിർത്തുകയും അടിച്ചുതകർക്കുകയും ചെയ്തത്. അന്നുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു.
ഇതിന് ശേഷം ഒളിവില്‍ പോയ നിഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.