കരുനാഗപ്പള്ളി : കൊല്ലം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് ന്യൂജന്‍ മയക്കുമരുന്നായ എം. ഡി . എം എ യുമായി നിരവധി ലഹരിമരുന്നു കേസ്സുകളില്‍ പ്രതിയായ പത്തനംതിട്ട, തിരുവല്ല മഞ്ഞാടി , കുന്നംതടത്തില്‍ വീട്ടില്‍ ഗോപു (25) കരുനാഗപ്പള്ളി പോലീസിന്റെ പിടിലായി. കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരം ന്യൂജന്‍ പാര്‍ട്ടി ലഹരിമരുന്നായ എം.ഡി എം എ വിതരണം ചെയ്തുവന്നയാളെ കുറിച്ച് ലഹരി ഉപയോഗിച്ചു വന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ സഹപാഠികള്‍ കൊല്ലം ജില്ലാ പോലീസ് മേധാവി റ്റി.നാരായണന് ഐ.പി.എസിനെ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എ. സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ എസ്സ്. എച്ച്.ഒ. ജി ഗോപകുമാര്‍ എസ്സ്. ഐ അലോഷ്യസ് അലക്സാണ്ടര്‍, പ്രബേഷന്‍ എസ്സ്. ഐ ജിമ്മിജോസ്, എസ്സ്.ഐ ശരത്ചന്ദ്രന് ഉണ്ണിത്താന് , എ. എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, സി. പി. ഒ. ഹാഷിം എന്നിവരടങ്ങിയ സംഘമാണ് 20 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6 ഗ്രാം എം ഡി . എം. എ യുമായി പ്രതിയെ കുലശേഖരപുരത്തു നിന്നും അറസ്റ്റ് ചെയ്തത് . 30 മില്ലിഗ്രാമിന്റെ 20 പാക്കറ്റുകളാണ് പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത് . ഒരു പാക്കറ്റിന് 4000 രൂപ മുതല്‍ 5000 രൂപ വരെയാണ് ഇടപാടുകാരില്‍ നിന്നും ഈടാക്കുന്നത് . കോട്ടയം കറുകച്ചാല്‍ സ്വദേശികളായ സഹോദരങ്ങളാണ് മധ്യതിരുവിതാംകൂറിലെ ലഹരിമരുന്നു വിതരണത്തിലെ പ്രധാനികളെന്ന് പ്രതിയില്‍ നിന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട് . ആലപ്പുഴ സൗത്ത്, പത്തനംതിട്ടയിലെ ഇലവംതിട്ട എന്നീ പേലീസ് സ്റ്റേഷനുകളില്‍ 2019 ലും 2020 ലും ലഹരിമരുന്ന് വില്പനക്കായി സൂക്ഷിച്ചതിന് ഗോപുവിന്റെ പേരില്‍ നേരത്തെ കേസ്സുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.