കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍. ആയുധധാരികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാല്‍ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഘത്തില്‍ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീനുമുണ്ടെന്നാണ് സൂചന. മൂന്നംഗ സംഘത്തിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. മുന്‍പ് ഫെബ്രുവരി 21 ന് നാദാപുരം പശുക്കടവിലുള്ള പാമ്പന്‍തോട് മലയിലും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ആ സംഘത്തില്‍ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ആറ് പേര് ഉണ്ടായിരുന്നു. സംഘത്തിന്റെ പക്കല്‍ തോക്കുമുണ്ടെന്നായിരുന്നു ലഭിച്ച വിവരങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്ന് കേരള പൊലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.