തിരുവനന്തപുരം: പരാതിയുമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെ് സസ്പെന്‍ഡുചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി.
പരാതിയുമായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ 26-കാരിയെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമില്ലാതെ മനഃപൂര്‍വം മണികണ്ഠന് വിളിപ്പിച്ച് പരാതികേട്ടു. അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് അവരോട് അനാവശ്യ സംസാരംനടത്തി. തുടര്‍ന്ന്, ഔദ്യോഗികവാഹനത്തില്‍ തൊട്ടടുത്ത ബസ്സ്റ്റാന്‍ഡില്‍ യുവതിയെ കൊണ്ടുവിടുകയുംചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളിലിതുണ്ട്. ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം സേനയുടെ അന്തസ്സുതകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമല്ലാതെത്തന്നെ വനിതാ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി അവരെ കാണുന്നത് പതിവായിരുന്നെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016-ല്‍ പീഡനക്കേസിലെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഷനിലായിരുന്ന ഇയാള്‍ മലപ്പുറത്ത് എസ്.ഐ.യായിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായും കുറ്റവാളിയുമായി ബന്ധമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു.