ന്യൂഡല്‍ഹി: സംസ്ഥാനത്ത് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് അനുവദിച്ചതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്കി കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. തമിഴ്നാട് സര്‍ക്കാരിന്റെ എല്ലാ പ്രത്യേകാനുമതി ഹര്‍ജികളും തള്ളിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിതാല് തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് പൂര്‍ണ്ണമായും വിലക്കാനല്ല ചില മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ബോംബ് സ്ഫോടനങ്ങള്‍ നടന്ന മേഖലകളിലും പോപുലര്‍ ഫ്രണ്ടിന്റെ സ്വാധീനമേഖലകളിലും നിയന്ത്രണങ്ങളോടെ മാര്‍ച്ച് നടത്താമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ ഹര്‍ജി തള്ളിയതോടെ തമിഴ്നാട്ടില്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ ആര്‍എസ്എസ്സിന് റൂട്ട് മാര്‍ച്ച് നടത്താനാകും.