കോതമംഗലം: കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ കോതമംഗലത്തു നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പോലീസിനു മുന്നില്‍ ഹാജരാകും.
ഇരുവരോടും ഇന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒ സി.എല്‍. ഷാജുവാണ് നോട്ടീസ് നല്‍കിയത്. മാത്യുവിനോട് രാവിലെ പത്തിനും ഷിയാസിനോട് വൈകുന്നേരം നാലിനും ഹാജരാകണമെന്നാണു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനായി സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ മാത്യു കുഴല്‍നാടനോടും മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്.
ശനിയാഴ്ച എംഎല്‍എ സ്ഥലത്തില്ലാത്ത സമയത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വാതിലില്‍ നോട്ടീസ് പതിച്ചു. മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. തിങ്കളാഴ്ച വൈകിട്ട് നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഹമ്മദ് ഷിയാസിന് വെള്ളിയാഴ്ച തന്നെ നോട്ടീസ് നല്‍കിയിരുന്നു.
പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് 26 പേരാണ് ഇതുവരെ അറസ്റ്റിലായത്. 24 പേര്‍ക്ക് ജാമ്യം ലഭിച്ചു. രണ്ടുപേര്‍ റിമാൻഡിലായി. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉള്‍പ്പെടെയുള്ളവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.