കൊച്ചി: ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവും ഭീക്ഷണിയുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.
എറണാകുളം കളമശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചു നീക്കിയ നടപടിക്കെതിരെയാണ് ചിത്രമടക്കം ഷിയാസിന്റെ പ്രതികരണം. ‘
ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സമീപത്തുള്ള കടയുടെ പാര്‍ക്കിംഗില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ശബ്ദം കേട്ടതിന് പിന്നാലെ റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെങ്കിലും വനിതാ പൊലീസുകാരില്ലാതിരുന്നതിനാല്‍ പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു നീക്കാന്‍ വൈകി. അത് കൊണ്ട് തന്നെ വാഹന വ്യൂഹം കടന്നുപോകുന്നത് വരെ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകര്‍ക്കായി. എന്നാല്‍ പ്രതിഷേധിച്ച എല്ലാവരെയും തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാപ്രവര്ത്തകയായ മിവ ജോളിയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്.