തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ജീവനക്കാർ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞതായി പരാതി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങൽ നഗരസഭയുടെ വിശദീകരണം. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തു. കച്ചവടക്കാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി എന്ന കാരണത്താലാണ് നഗരസഭാ ജീവനക്കാർ അൽഫോൻസ എന്ന സ്ത്രീയുടെ മത്സ്യം റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇവർ വഷങ്ങളായി ഈ പ്രദേശത്ത് ആണ് മത്സ്യ വിൽപ്പന നടത്തുന്നതു.
കൊവിഡ് ലോക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവർ ഈ പ്രദേശത്ത് വീണ്ടും കച്ചവടം ആരംഭിച്ചത്. സമാനമായ സംഭവം ഇതിനും മുൻപും ഈ പ്രദേശത്ത് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് പൊലീസായിരുന്നു പ്രതി സ്ഥാനത്തെങ്കിൽ ഇന്നത് നഗരസഭ ജീവനക്കാരാണ്.