പന്തളം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തയാള്‍ അറസ്റ്റില്‍. കുളനട മാന്തുക അരുണ്‍ നിവാസില്‍ അരുണാണ്(42) അറസ്റ്റിലായത്. വാഹനാപകടത്തെ തുടര്‍ന്ന് പരുക്കേറ്റ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു പ്രതി. വനിതാ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. പന്തളം സിഎം ആശുപത്രിയിലെ ഡോ.സുമ മോനി മാത്യുവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പന്തളത്ത് നിന്നു മാന്തുകയിലെ വീട്ടിലേക്ക് കാറില്‍ പോയ അരുണും കുടുംബവും സഞ്ചരിച്ച കാര്‍ കുളനടയിലെ ഐഒസി പെട്രോള്‍ പമ്പിനു സമീപം എംസി റോഡില്‍ വച്ചു എതിരെ വന്ന പിക്കപ് വാനുമായി കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. മകന് അമര്‍ജിത്തിനു പരുക്കേറ്റതിനെ തുടര്‍ന്ന് അരുണും കുടുംബവും അതു വഴി വന്ന ആംബുലന്‍സില്‍ സിഎം ആശുപത്രിയിലെത്തി. പരുക്കേറ്റ മകനെ ഓപ്പറേഷന് തിയറ്ററില്‍ പരിശോധിക്കുന്നതിനിടയില്‍, പ്രകോപിതനായ അരുണ്‍ തിയറ്ററിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് കുഞ്ഞുമോനെ തള്ളി വീഴ്ത്തി. കുഞ്ഞുമോന്റെ കൈക്കും മൂക്കിനും പരുക്കുപറ്റി.
പിന്നീട്, തിയറ്ററിനുള്ളില്‍ കയറിയ അരുണ്‍ കയ്യിലിരുന്ന ജ്യൂസിന്റെ കുപ്പി ഡോക്ടര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. നഴ്സുമാരും മറ്റും തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ ഡോക്ടറുടെ മുഖത്തടിക്കുകയും ചെയ്തു. ചില ആശുപത്രി ഉപകരണങ്ങളും കേടുപാട് വരുത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ കുടുംബാംഗങ്ങളെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.