തിരുവനന്തപുരം: സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടിക കൊണ്ട് അടിച്ചുവെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വിഡിയോ ദൃശ്യങ്ങളില്‍ രാഹുല്‍ നടത്തിയ അക്രമം വ്യക്തമാണ്. സമാനമായ രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്താനുണ്ടെന്നും പൊലീസ്.
അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ 10.20നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഉച്ചകഴിഞ്ഞ്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. രാഹുലിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്കിയാല് അക്രമത്തിന് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംസ്ഥാനവ്യാപക പ്രതിഷേധം. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കണ്ണൂര്‍ കാള്‍ടെക്സ് ജംക്ഷനില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.കൊല്ലത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷന് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്. കൊച്ചിയിലും കോഴിക്കോട്ടും കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ നിരവധിയിടങ്ങളില്‍ റോഡില്‍ കുത്തിയിരിക്കുന്നു. കോട്ടയത്ത് നവകേരള സദസ്സിന്റെ ബാനറുകള്‍ വലിച്ചുകീറി.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തേകാലിന് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു റജിസ്റ്ററില്‍ ഒപ്പിടീച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയില്‍ രാഹുലിനോടു മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ ശ്രമിച്ചതു പൊലീസ് തടഞ്ഞു. രാഹുലിനെ പിടിച്ചു തള്ളി ജീപ്പിലേക്കു കയറ്റുകയായിരുന്നു.