കൊല്ലം ഇന്ധനം നല്കിയ വകയില്‍ ഒന്നര കോടിയോളം രൂപ പമ്പ് ഉടമകള്‍ക്ക് കുടിശ്ശിക വന്നതോടെ റൂറല്‍ ജില്ലയില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നല്‍കില്ലെന്ന് പമ്പ് ഉടമകള്‍. കഴിഞ്ഞ ആറുമാസം പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കിയ വകയില്‍ കോടികളാണ് പമ്പ് ഉടമകള്‍ക്ക് ലഭിക്കാനുള്ളത്.
മൂന്ന് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വിവിധ പമ്പുകള്‍ക്ക് നല്‍കാനുള്ളത്. നേരത്തെ അതത് മാസങ്ങളിലെ തുക പമ്പുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കുടിശ്ശിക ലക്ഷങ്ങളായതോടെ പുതിയ ലോഡ് എടുക്കാനാകാത്ത അവസ്ഥയാണെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പറഞ്ഞു. വലിയ തുക കുടിശ്ശികയായതിനാല്‍ പമ്പുകളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ്. പണം ലഭിക്കാതെ ഇന്ധനം നല്‍കാനാകില്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം സര്‍ക്കാരില്‍ നിന്നുള്ള അലോട്ട്മെന്റ് വൈകുന്നതാണ് കുടിശ്ശിക കൂടാന്‍ കാരണമെന്ന് പൊലീസ് മേധാവികള്‍ പറഞ്ഞു. ചില പമ്പ് ഉടമകള്‍ യഥാസമയം ബില്ല് സമര്‍പ്പിക്കാത്തതും കാലതാമസത്തിന് കാരണമാകുന്നതായും അവര്‍ പറയുന്നു.