മൂവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആര് ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി അനന്തു കൃഷ്ണൻ്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച അനന്ദു ഒടുവിൽ തട്ടിപ്പിന്റെ പങ്കുപറ്റിയവരുടെ പേരു വിവരങ്ങൾ പറഞ്ഞു തുടങ്ങി. 40000 ഇരുചക്രവാഹനങ്ങള്‍ നല്‍കുന്നതിനായി പണം കൈപ്പറ്റിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണന്ചോദ്യം ചെയ്യലില്‍ മൊഴി നല്കി. അന്വേഷണ സംഘം അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ അനന്തവുമായി വിശദമായ ചോദ്യം ചെയ്യലില്‍ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.
തട്ടിയ പണം എവിടെ നിക്ഷേപിച്ചു, തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അനന്തു കൃഷ്ണന്റെ മൂന്നു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്ന് കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പോലീസ് പറയുന്നത്. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 19 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് അനന്തു ഇടപാട് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം മലബാറിലെ കുഴല്‍പ്പണ റാക്കറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.
കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന് ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിനിടെയാണ് തന്ത്രപരമായി മൂവാറ്റുപുഴ പൊലിസ് അനന്തുവിനെ പിടികൂടിയത്. സത്യം പുറത്ത് വരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും മൂവാറ്റുപുഴ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുവാറ്റുപുഴയില്‍ 9 കോടിയോളം രൂപ ഇത്തരത്തില്‍ മുവാറ്റുപുഴയില്‍ നിന്ന് തട്ടിപ്പ് നടത്തിയെന്ന് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. എണ്‍പതോളം സീഡ് സൊസൈറ്റികള്‍ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്നവിവരം. പ്രതിക്കെതിരെ വിവിധ ജില്ലകളില്‍ പണം നഷ്ടപ്പെട്ടവര്‍ പൊലിസില്‍ പരാതിയുമായി എത്തുന്നുണ്ട്.