മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരമായി. തെരഞ്ഞെടുപ്പ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ പ്രശ്നങ്ങളിനിയില്ല.
കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് മൂവാറ്റുപുഴയില്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. കോളേജ് യൂണിയന് കെ.എസ്.യു നിലനിര്‍ത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇടത് വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിസാരവോട്ടുകള്‍ക്കാണ് എസ്എഫ്ഐക്ക് യൂണിയന് നഷ്ടമായത്. എഐഎസ്എഫ് കെഎസ്യുവിനെ സഹായിച്ചെന്നാരോപിച്ച് എസ്എഫ്ഐ രംഗത്തുവന്നിരുന്നു. ഇതെചൊല്ലി എസ്എഫ്ഐ – എഐഎസ്എഫ് വിദ്യാര്ത്ഥികള്തമ്മില് ആദ്യം കോളേജിലേറ്റുമുട്ടി. എഐഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരാകട്ടെ പ്രൈവറ്റ് സ്റ്റാന്റിന് സമീപത്തെ സ്ഥാപനത്തില്‍ വച്ച് എസ്എഫ്ഐക്കാരെ തിരിച്ചു തല്ലി. പരിക്കേറ്റ ഇവരിപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിന് പിന്നാലെ മൂവാറ്റുപുഴയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി.വി.യോഹന്നാന്റെ കടാതിയിലെ വീട് ഞാറാഴ്ച രാത്രി 10.30-ഓടെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു. നിര്‍മ്മലയിലെ എഐഎസ്എഫിന്റെ സെക്രട്ടറിയാണ് സിവി യോഹന്നാന്റെ ചെറുമകന് ചിഞ്ചുപോള്‍. വീട് അക്രമിച്ചതോടെ സിപിഐ ജില്ലാസെക്രട്ടറി ദിനകരന് അടക്കം നേതാക്കള്‍ കൂട്ടത്തോടെ ഇവിടെ എത്തി. സി പി ഐ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ വലിയ പ്രതിഷേധ പ്രകടനവും പാര്‍ട്ടി നടത്തിയിരുന്നു. അക്രമസംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ അറസ്റ്റുചെയ്തു. പിന്നീടിവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവം കൈവിട്ടുതുടങ്ങിയെന്ന് ഇരുപാര്‍ട്ടികള്‍ക്കും ബോധ്യപ്പെട്ടതോടെയാണ് സിപിഎം ഏരിയകമ്മിറ്റി ഓഫീസില്‍ ഇന്ന് അനുരഞ്ജനയോഗം നടത്തിയത്. സിപിഎം നേതാക്കളായ കെപി രാമചന്ദ്രന്, സികെ സോമന്, സജിജോര്‍ജ്ജ്, അനീഷ് എം. മാത്യു സിപിഐ നേതാക്കളായ പികെ. ബാബുരാജ്, വില്സന് ഇല്ലിക്കല്‍, പോള്പൂമറ്റം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.