കൊല്ലം: കൊല്ലം കുണ്ടറയില്‍ ബാറില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്വിന് രാജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ചായിരുന്നു പര്വിന് രാജുവിന് മര്‍ദ്ദനമേറ്റത്. മദ്യപിച്ച ശേഷവും ബാറില്‍ നിന്ന് പോകാത്തതിനെ തുടര്‍ന്ന് ജീവനക്കാരുമായി നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കഴിഞ്ഞ രാത്രി വൈകി ബാറില്‍ മദ്യപിക്കാനെത്തിയ പര്വ്വീന് രാജുവും ബാറിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാറിന്റെ സമയം അവസാനിച്ചിട്ടും മദ്യം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്.തുടര്‍ന്നുണ്ടായ അടിപിടിയില്‍ പരിക്കേറ്റ് ബോധം നഷ്ടമായ പര്വ്വീണിനെആദ്യം കുണ്ടറ താലൂക്ക് ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. രാവിലെ എട്ടുമണിയോടെ മരണപ്പെട്ടു.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പോലീസ് പറഞ്ഞു. ഇവരില്‍ കസ്റ്റഡിയിലെടുത്ത ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കുണ്ടറ പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ട് നല്‍കും.