കൊച്ചി: തൃശ്ശൂര്‍ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മലയാറ്റൂര്‍ നടുവട്ടത്താണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും ഹോണടിച്ചത് ചോദ്യം ചെയ്തായിരുന്നു പ്രതികളുടെ ആക്രമണം. കുടുംബം യാത്ര ചെയ്യുന്ന വാഹനത്തിന് മുന്നിലൂടെ ബൈക്കില്‍ ഓവര്‍ ടേക്ക് ചെയ്യാന്‍ അവസരം നല്‍കാതെ തുടര്‍ച്ചയായി പ്രോകോപിപ്പിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്.
തുടര്‍ന്ന് നടുവട്ടം ജംഗ്ഷനില്‍ വെച്ച് കാര്‍ തടയുകയും ഗൃഹനാഥനെ പിടിച്ചിറക്കി ഭാര്യയും കുട്ടികളും നോക്കി നില്‍ക്കെ തല്ലിച്ചതക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂര്‍ നടുവട്ടം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശികളായ ആന്റണി, ലിജോ, ബിനു എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്