തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ പേരില്‍ നടന്ന നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കിയത് റഹീസ് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഹരിദാസിനെ വഞ്ചിച്ച് പ്രതികള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
കേസില്‍ ഉള്‍പ്പെട്ട അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
കൂടുതല്‍ പേര് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ നിയമനത്തട്ടിപ്പുകള്‍ നടന്നോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.