പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് ശിക്ഷ വിധിക്കുക. ചൊവ്വാഴ്ചയാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചത്. കേസിലെ ആകെയുള്ള 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, കോടതി വെറുതെവിട്ട രണ്ട് പ്രതികളെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ മധുവിനായി നടത്തിയ പോരാട്ടം പൂര്‍ണമായെന്ന് പറയാന്‍ സാധിക്കുവെന്ന് മധുവിന്റെ കുടുംബവും സമരസമിതിയും പറഞ്ഞു. ഇതിനായി മേല്‍ കോടതിയെ സമീപിക്കും. കേസിലെ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.