ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹ്റൂഖ് സെയ്ഫി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന്. ഇന്നലെ രാത്രിയിലാണ് ഇയാള്‍ പിടിയിലായ്ത്. കേന്ദ്ര ഇന്റലിജന്‍സിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ് മഹാരാഷ്ട്രയിലെ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ് നിലവില്‍ പ്രതി.
കേരള പോലീസും രത്നഗിരിയിലെത്തിയിട്ടുണ്ട്
ഇന്നലെ രത്നഗിരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്നഗിരിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ട്രെയിനില്‍ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍, ചികിത്സ പൂര്‍ത്തിയാക്കാതെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രത്നഗിരി മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയും ഷാരൂഖ് സെയ്ഫിയെ റെയില്‍വേസ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.