കണ്ണൂരില്‍ മാവേലി എക്സ്പ്രസില്‍ പൊലീസുകാരന്റെ മര്‍ദ്ദനമേറ്റയാളെ കോഴിക്കോട് നിന്ന് പിടികൂടി. റെയില്‍വെ സ്റ്റേഷന് സമീപം അലഞ്ഞു നടന്ന നിലയിലാണ് പൊന്നന് ഷമീറിനെ കണ്ടെത്തിയത്. ട്രെയിനില്‍ പെണ്‍കുട്ടികളെ അപമാനിച്ച സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ ഷമീറിനെതിരെ നടപടി ഉണ്ടായേക്കില്ല.
കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡില്‍ നിന്നാണ് കൂത്തുപറമ്പ് സ്വദേശി പൊന്നന് ഷമീറിനെ പൊലീസ് കണ്ടെത്തിയത്. പാളയത്തും പരിസരത്തുമായി ചില ജോലികള്‍ ചെയ്ത ശേഷം കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങുന്നതായിരുന്നു പതിവ്. ഷമീറിനെ റെയില്‍വേ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയായിരുന്നു മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഷമീറിനെ എഎസ്ഐ പ്രമോദ് മര്‍ദ്ദിച്ച് ഇറക്കി വിട്ടത്. മദ്യപിച്ച് പെണ്‍കുട്ടിളെ ശല്യം ചെയ്തെന്ന പരാതിയിലായിരുന്നു ഷമീറിനെ പൊലീസുകാരന് മര്‍ദ്ദിച്ചത്.
എന്നാല്‍ പെണ്‍കുട്ടികള്‍ രേഖാമൂലം പരാതി നല്കാത്തതിനാല് ഷമീറിനെ അറസ്റ്റ് ചെയ്തേക്കില്ല. കൂത്തുപറമ്പ് മാഹി സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. വധശ്രമം, പീഡനം ഉള്‍പ്പടെ ചില കേസുകളില്‍ കോടതി പൊന്നന് ഷമീറിനെ വെറുതെ വിട്ടിരുന്നു. ചില കേസുകളില്‍ വിചാരണ നടക്കുകയാണ്.
ഷമീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ സസ്പെന്‍ഷനില്‍ തുടരുകയാണ്. സംഭവത്തില്‍ പൊന്നന് ഷമീറിനെ കണ്ണൂരില്‍ എത്തിച്ച് മൊഴിയെടുത്ത ശേഷം വിട്ടയക്കും.