പാലക്കാട്: തൃത്താല ഇരട്ടകൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.തൃത്താലയില്‍ സുഹൃത്തുക്കളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തില്‍ ഇയാളെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
തൃത്താല കണ്ണന്നൂരിലെ കരിമ്ബനക്കടവില്‍ വ്യാഴാഴ്ച രാത്രിയാണ് ഇരട്ടക്കൊലപാതകം നടന്നത്. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അൻസാര്‍, കാരക്കാട് സ്വദേശി അഹമ്മദ് കബീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴുത്തിനു മുറിവേറ്റനിലയില്‍ കണ്ടെത്തിയ അൻസാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന് പിന്നില്‍ സുഹൃത്ത് മുസ്തഫയാണെന്ന് അൻസാര്‍ മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് മുസ്തഫയെ കസ്റ്റഡിയിലെടുത്തപ്പോള്‍ അന്‍സാറിനെ ആക്രമിച്ചത് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് കബീറാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
ഇതോടെ കബീറിനായി അന്വേഷണം നടത്തി. എന്നാല്‍ കരിമ്ബനക്കടവിനു സമീപം ഭാരതപ്പുഴയില്‍ കബീറിന്റെ മൃതദേഹം കണ്ടെത്തി. കബീറിന്റെ കഴുത്തിലും വെട്ടേറ്റിരുന്നു. ഇതോടെ ഇരട്ടക്കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. അൻസാറിന്റെയും കഴുത്തിനാണ് പരിക്ക്.
കൊല്ലപ്പെട്ട അന്‍സാറും, കബീറും, കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നാണ് പറയുന്നത്. മൂന്നുപേരും കൂടി കഴിഞ്ഞദിവസം മീൻ പിടിക്കാനായാണ് ഭാരതപ്പുഴയിലെ കരിമ്ബനക്കടവില്‍ എത്തുന്നത്.
തുടര്‍ന്ന് ഇവിടെ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. കൊലയിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്.