കൊല്ലം: പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ ഏറ്റുമുട്ടി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. എസ് ഐമാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൊതു ജനത്തിന് മുന്നിലായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്ത് ഉള്ളത്.
വനിതാ സ്റ്റേഷനില്‍ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനര്‍ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാന്‍ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചുമതല ഒഴിയാന്‍ അവര്‍ വിസമ്മതിച്ചു.
തുടർന്ന് തര്‍ക്കങ്ങള്‍ തുടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈയ്യാങ്കളിയിലെത്തിയത്. പിടിവലിയില്‍ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. വനിതാ പൊലീസ് സ്റ്റേഷനില്‍ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുമ്പിൽ വെച്ചായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.