കാസര്‍കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജില്ലാണ് പ്രതി അരുണ്‍ വിദ്യാധരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.
ഈ മാസം രണ്ടാം തിയ്യതി മുതലാണ് അരുണ്‍ ഇവിടെ മുറിയെടുത്തത്. ഭക്ഷണം കഴിക്കാന്‍ മാത്രമാണ് അരുണ്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി അരുണ്‍ മദ്യപിച്ചിരുന്നുവെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇന്ന് രാവിലെയാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷ് കുമാര്‍ എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണ്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച രാത്രി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ആതിരയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ആതിരയുടെ കുടുംബം നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു അരുണിന്റെ സൈബറാക്രമണം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ മോശം പരാമര്‍ശങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഞായറാഴ്ച ആതിര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പൊലീസില്‍ പരാതി നല്കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.