തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന സ്വര്ണക്കടത്തുകളില് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണ കടത്തും അതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി, കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.
മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണം നഷ്ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്കാന് മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മുൻപ് നടന്നിട്ടുളള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും സമഗ്രമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമായേക്കും.