കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടിലും കർണാടകത്തിലും പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കേരളത്തില്‍ നിന്നെത്തുന്നവരില്‍ വാക്സിന് എടുത്തവര്‍ക്കും ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ബംഗളൂരു റെയില്‍വേ സ്റ്റേഷനിലടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. ആര് ടി പി സി ആര് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഇവിടെ പരിശോധനക്ക് താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്.ടി.പി.സി.ആര് പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.
കോളേജുകള്‍ തുറന്നതോടെ കര്‍ണാടകയിലേക്ക് എത്തിച്ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി. കാസര്‍ക്കോട്ടേക്കുള്ള ബസ് സര്‍വ്വീസ് ദക്ഷിണ കന്നട നിര്‍ത്തിവച്ചതും യാത്രക്കാരെ കുഴക്കി. കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറയുന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കുമോ എന്ന ആശങ്കയും കനക്കുന്നുണ്ട്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വര്‍ദ്ധനവ് വന്നതോടെ കോയമ്പത്തൂരില്‍ നിയന്ത്രണം കടുപ്പിക്കന്നത്. കേരളത്തിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു. വാളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കര്‍ശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്പോസ്റ്റില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ കോയമ്പത്തൂരിലേയും നീലഗിരിയിലേയും അതിര്‍ത്തിയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളു. മറ്റിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ തമിഴ്നാട് ഇപാസ് മാത്രം മതിയാകും.