കളമശേരി റെയിൽവേ ട്രാക്കിൽ ഇറച്ചി കടയിൽ ഉപയോഗിക്കുന്ന മരത്തടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മരത്തടി മനഃപൂർവം ട്രാക്കിലിട്ടതാണെന്ന് സംശയിക്കുന്നതായി ആർ.പി.എഫ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് സൗത്ത് കളമശേരി റെയിൽവേ മേൽപാലത്തിന് സമീപത്തെ ട്രാക്കിൽ മരത്തടി കണ്ടെത്തിയത്. ഏഴരയ്ക്ക് കടന്നുപോയ ബിലാസ്പുർ-എറണാകുളം ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അസ്വാഭാവികമായി കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരം എറണാകുളം കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.
തുടർന്ന്, ഉടൻ തന്നെ ആലുവയിൽ നിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ ഈ വിവരം അറിയിക്കുകയും ഇതനുസരിച്ച് ട്രെയിൻ നിർത്തി നടത്തിയ പരിശോധനയിൽ തകർന്ന നിലയിൽ തടിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.