തിരുവനന്തപുരം: നിയമസഭയിലെ വിമര്‍ശനത്തില്‍ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യത്യസ്ത വീക്ഷണങ്ങള്‍ ശരിയായ രീതിയില്‍ ഉയര്‍ന്നു വരണമെന്നും എന്നാല്‍ അവരവരുടേതായ നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നും നിയമസഭാ സാമാജികര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ചിലപ്പോള്‍ സൗഹൃദാന്തരീക്ഷം തകര്‍ന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസാരിക്കാന്‍ സ്പീക്കര്‍ വിളിക്കുമ്പോള്‍ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാല്‍ അല്ലാത്തപ്പോള്‍ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേര്‍ന്നതല്ല.
അവരവര്‍ക്ക് ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്ന പ്രവണതയുമുണ്ട്. അതും മാതൃകാപരമല്ല. ബോധ്യമുള്ള കാര്യങ്ങളാകണം സഭയില്‍ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.