എംഎന്‍ വിജയനെയും ഐഎം വിജയനെയും തമ്മില്‍ മാറ്റി നിയമസഭയില്‍
തിരുവനന്തപുരം: വീണ്ടും നാക്കുപിഴച്ച് മന്ത്രി ഇ.പി.ജയരാജന്. കേരളത്തിന്റെ അഭിമാനവും ഫുട്ബോള്‍ താരവുമായ ഐ.എം.വിജയന്റെ പേര് നിയമസഭയില്‍ പ്രതിപാദിച്ചപ്പോഴാണ് ജയരാജന് അബദ്ധം സംഭവിച്ചത്. ഐ.എം.വിജയന് പകരം ഇടത് ചിന്തകനും പ്രഭാഷകനുമായിരുന്ന എംഎന്‍ വിജയനെ ഫുട്ബോള്‍ താരമാക്കിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അബദ്ധം പിണഞ്ഞത്. എംഎന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉടനെ തന്നെ സമീപത്ത് ഇരുന്നവര്‍ മന്ത്രിയെ തിരുത്തുകയും ചെയ്തു.
നേരത്തെ ബോക്സിംഗ് താരം മുഹമ്മദലി മരിച്ചപ്പോഴും ജയരാജന് അബദ്ധ പരാമര്‍ശം നടത്തിയിരുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി കേരളത്തിന്റെ സ്വന്തം അഭിമാന താരമാണെന്നായിരുന്നു ജയരാജന് പറഞ്ഞത്. അന്ന് കേരളത്തിന്റെ കായികമന്ത്രി കൂടിയായിരുന്നു ഇ.പി.ജയരാജന്. ഇത് വലിയ രീതിയില്‍ ട്രോളുകള്‍ക്കും വഴി വച്ചിരുന്നു.