തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോട്ടിന്മേല് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം നിയമസഭ തള്ളി. അടിയന്തിര പ്രമേയ ചര്‍ച്ചകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷമാണ് പ്രമേയം സഭ തള്ളിയത്. ഉച്ചക്ക് ഒരുമണിക്കാണ് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചത്. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്നും സണ്ണി ജോസഫ്, എന്‍ ഷംസുദ്ദീന്, കെ കെ രമ എന്നിവര്‍ അടിയന്ത്രി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്‍, പി ബാലചന്ദ്രന്, പിപി ചിത്തരഞ്ജന്, എം നൗഷാദ്, കെ വി സുമേഷ് എന്നിവരാണ് സംസാരിച്ചത്.
സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്നായിരുന്നു ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയ നേട്ടീസില്‍ ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്മേല് ചര്‍ച്ചയാകാമെന്ന നിലപാട് സ്വീകരിച്ചത്.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ പരിശോധിക്കാമെന്നും നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘പ്രതിപക്ഷം റിപ്പോര്‍ട്ട് എന്താണെന്ന് ഊഹിച്ചെടുത്ത് ചര്‍ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഒന്നും മറക്കാനില്ലാത്തത് കൊണ്ടാണ് ചര്‍ച്ച ആകാമെന്ന് പറഞ്ഞത്. സോളാര്‍ തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്‍ഡിഎഫ് സര്‍ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും ഞങ്ങളുടെ നിലപാടെ’ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിചിത്രവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാണിച്ചു. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാളുമായുള്ള കൂടിക്കാഴ്ച ആരോപണം നിഷേധിക്കുകയും ചെയ്തു. ‘ദല്ലാളിനെ യുഡിഎഫിന് നന്നായി അറിയാം. ദല്ലാളിനോട് ഇറങ്ങി പോകണം എന്ന് പറഞ്ഞയാളാണ് താന്‍. സതീശന് അത് പറയുമോയെന്ന് അറിയില്ല. അങ്ങനെ പറയാന്‍ തനിക്ക് മടിയില്ല. മറ്റുപലയിടത്തും അയാള്‍ പോകും തന്റെയടുത്ത് വരാന്‍ പറ്റുന്ന മാനസിക നില അയാള്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയം സഭ തള്ളുകയായിരുന്നു.