തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും പങ്കുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. മുഖ്യമന്ത്രിയുടെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. ഇതിന് രേഖകളുണ്ടെന്നും അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പി സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.
മോഷ്ടിക്കാന്‍ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറ. വ്യവസായ വകുപ്പ് പദ്ധതി നടത്തിപ്പ് കെല്‍ട്രോണിന് നല്‍കിയ്ത ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായാണ്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടിയെ പദ്ധതി ഏല്‍പ്പിച്ചു. ടെണ്ടര്‍ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നല്‍കിയത്. 60 ശതമാനത്തോളമായിരുന്നു ഇതിന് നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് എഐ ക്യാമറ അഴിമതിയില്‍ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ട്. സമയം അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.
എതിര്‍പ്പുമായി ഭരണ പക്ഷം
മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം സഭയില്‍ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകാനിടയാക്കി. എഴുതി തരാത്തത് ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്കി.