തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘വിഐപി പ്രതി’യെന്ന് ടി സിദ്ധിഖ് നിയമസഭയില്‍. പ്രതിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജലിയില്‍ ലഭിച്ചത് വിഐപി പരിരക്ഷയാണ്, ജയിലില്‍ കാമുകിയുമായി സല്ലപിക്കാന്‍ ആറ് മണിക്കൂര്‍ സൗകര്യം ചെയ്തുകൊടുത്തു. വിഐപി പ്രതിയായത് കൊണ്ടല്ലേ ഈ ആനുകൂല്യമെന്ന് ടി സിദ്ധിഖ് ചോദിച്ചു. രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും ടി സിദ്ധിഖ് ആരോപിച്ചു. ഷുഹൈബും ആകാശ് തില്ലങ്കേരിയും തമ്മില്‍ യാതൊരു വ്യക്തിബന്ധവുമില്ല. സിപിഐഎമ്മിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് പ്രതി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ കേസില്‍ പുനഃരന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി അക്കാര്യം സൂചിപ്പിച്ചവരാണ് സിപിഐഎം. മകനെ സ്ക്കൂളില്‍ നിന്നും പുറത്താക്കുമ്പോള്‍ അച്ഛനെ വിളിച്ചുവരുന്നത് പോലെയാണിതെന്നും ടി സിദ്ധിഖ് പരിഹസിച്ചു.
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വിജയ് ഹസാരെ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ അഭിഭാഷകനാണ്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹാജരാകാതെ ബിജെപി സര്‍ക്കാരിന്റെ അഡിഷണല്‍ സോളിസിറ്ററായി സേവനം ചെയ്ത രഞ്ചിത്ത് കുമാറിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ആകാശ് തില്ലങ്കേരി സര്‍ക്കാരിന്റെ മടിയിലാണെന്നതിന് മറ്റെന്താണ് തെളിവ് വേണ്ടതെന്നും പ്രതിപക്ഷം ഉന്നയിച്ചു. 86,40,000 രൂപ ചെലവഴിച്ച് അഭിഭാഷകനേയും 6,64,961 രൂപ ചെലവഴിച്ച് യാത്രയും ഭക്ഷണവും ഉള്‍പ്പെടെ ചെലഴിച്ചത് വിഐപി ക്വട്ടേഷന്‍ പ്രതികളായതുകൊണ്ടല്ലേയെന്നും ടി സിദ്ധിഖ് ചോദിച്ചു. കേസില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തിയെന്ന് അടിയന്തിര പ്രമേയത്തിന് മറുപടി നല്കിയ മുഖ്യമന്ത്രി പറഞ്ഞു.