ആന്ധ്ര: തെലങ്കാനയിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ഒരു എസ്ആർടിസി ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടർ സുദർശൻ ആണ് തൂങ്ങി മരിച്ചത്. ശമ്പളം കിട്ടാത്തതിനാൽ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ബസ് സമരത്തിൽ പങ്കെടുത്തവരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം വന്നതിന് പിന്നാലെ ഖമ്മം ഡിപ്പോയിലെ ഡ്രൈവർ ശ്രീനിവാസ റെഡ്ഢി ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (ടിഎസ്ആര്‍ടിസി) സർക്കാരിൽ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ജീവനക്കാർ സമരം ചെയ്യുകയാണ്. അതേസമയം, സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000 സമരക്കാരെ പുറത്താക്കി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.
ട]തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. തൊഴിലാളികള്‍ക്ക് സസ്പെന്ഷന്, പുറത്താക്കല്‍ നോട്ടീസ് എന്നിവ അയച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.