പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയുമുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടയതായി മുഖ്യമന്ത്രി പറഞ്ഞു.
‘കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർത്ഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ടവർ നൽകിയ വിശദീകരണം പരിശോധിച്ചശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിനെ നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.