ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണപാദസരം തട്ടിയെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ മാവട്ടം സ്വദേശി ഗൗരി(35)യെയാണ് കൽപകഞ്ചേരി എസ് എച്ച് ഒ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തിരൂർ-വളാഞ്ചേരി റൂട്ടിലോടുന്ന നീർക്കാട്ടിൽ ബസിലാണ് സംഭവം.
വൈലത്തൂരിൽ നിന്ന് മുമ്പ്രയിലേക്ക് ബസിൽ കയറുകയായിരുന്ന ചെട്ടിയാംകിണർ സ്വദേശിയായ കുട്ടി അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. പാദസരം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ട അമ്മ ബഹളം വെച്ചതോടെ കൽപകഞ്ചേരി പോലീസ് സ്റ്റേഷന് പുറത്ത് ബസ് നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്നാട് സ്വദേശി ഗൗരിയുടെ പഴ്സിൽ നിന്നാണ് പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.