അറ്റലാന്റ: ഫോമായുടെ 2024-26 വര്‍ഷത്തേക്കുള്ള കമ്മിറ്റിയില്‍ ജോ. ട്രഷററായി അമ്പിളി സജിമോന്‍ മത്സരിക്കുന്നു.ഫോമായിലെ ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് മത്സരരംഗത്തേക്കു വരാന്‍ താന്‍ തീരുമാനിച്ചതെന്ന് ഫോമാ വനിതാ പ്രതിനിധിയായ അമ്പിളി സജിമോന്‍ പറഞ്ഞു.
സംഘടനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കാനും പുതിയ രംഗങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ഫോമാ എക്സിക്യുടിവിലെ അംഗത്വം ഉപകരിക്കുമെന്ന് താന്‍ കരുതുന്നു.വിവിധ സംഘടനകള്‍ ഇതിനകം അമ്പിളി സജിമോന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
‘ലീഡര്‍ഷിപ്പ് ത്രൂ പാര്‍ട്ടിസിപ്പേഷന്‍’ എന്നതാണ് തന്റെ ലക്ഷ്യം. നേനേതൃത്വം എന്നാല്‍ സേവനം എന്നാണ് താന്‍ അര്‍ത്ഥമാക്കുന്നത്. ഒരു ഹോസ്പിറ്റലില്‍ നേനേതൃരംഗത്തിരിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനനത്തിലുടനീളം ഈ മാതൃകയാണ് താന്‍ പിന്തുടരുന്നതെന്ന് പി.എ. മെഡിക്കല്‍ സെന്ററില്‍ അസി. നഴ്സ് മാനേജരായ അമ്പിളി ചൂണ്ടിക്കാട്ടുന്നു.
എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ വരുമ്പോഴും പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള മനസാണ് ഏറ്റവും പ്രധാനം. ഭിന്നതക്കപ്പുറം എല്ലാവരെയും ഒപ്പം കൂട്ടിയാല്‍ മാത്രമേ മികച്ച ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാനാവു.
‘സക്സസ് ഈസ് നോട്ട് എബൌട്ട് ദി വേര്‍ഡ്,’ എന്ന് മിഷെല്‍ ഒബാമ പറഞ്ഞത് അര്‍ത്ഥവത്താണ്. വിജയം എന്നത് ഒരു വാക്കു മാത്രമല്ല. ഒരു ട്രഷറര്‍ എത്ര പണം സമാഹരിച്ചു എന്നത് മാത്രമല്ല പ്രധാനം. അത് എങ്ങനെ നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിച്ചു എന്നതിലാണ് കാര്യം. ചെറിയ തുക പോലും ചിലരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് മറക്കരുത്.
കഴിഞ്ഞ ഫോമാ കേരള കണ്‍വന്‍ഷനില്‍ അര ഡസനോളം ചാരിറ്റി പ്രോജക്ടുകളില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞു. അത് കൂടുതല്‍ വിപുലമാക്കി ഫോമായേ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനും അതുവഴി നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനുമാണ് താന്‍ ആഗ്രഹിക്കുന്നത്.പാനലൊന്നും ഇല്ലാതെയാണ് താന്‍ മത്സരിക്കുന്നത്.എന്നാല്‍ സമാനമനസ്കരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും.
കോവിഡ് കാലത്ത് അറ്റ്ലാന്റയിലെ എമറി ഹോസ്പിറ്റലില്‍ ഐ.സി.യു നഴ്സായിരുന്ന അമ്പിളി അക്ഷരാര്‍ത്ഥത്തില്‍ കോവിഡ് പോരാളി ആയിരുന്നു. ഇടുക്കി ജില്ലക്കാരിയായ അമ്പിളിയുടെ ഭര്‍ത്താവ് സജിമോന്‍ സി. ജോണ്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. ഇംഗ്ലണ്ടിലെത്തിയ കുടുംബം 11 വര്‍ഷം അവിടെ ജോലി ചെയ്തശേഷം 2011-ലാണ് അമേരിക്കയിലെത്തുന്നത്. ബ്രിട്ടണില്‍ വെസ്റ്റന്‍ സൂപ്പര്‍മയര്‍ എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ അക്കാലത്ത് മലയാളി സംഘടനകളൊന്നുമില്ലായിരുന്നു. പുതുതായി സംഘടന സ്ഥാപിക്കാന്‍ ഇരുവരും മുന്നോട്ടുവന്നു. അതിനാല്‍ സംഘടനാ പ്രവര്‍ത്തനം പുതിയ കാര്യമല്ല.
അറ്റ്ലാന്റയിലെത്തിയതു മുതല്‍ അമ്മയില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സെക്രട്ടറി.വിദ്യാര്‍ത്ഥികളായ സാന്ദ്ര, സ്നേഹ, സാം എന്നിവരാണ് മക്കള്‍.