അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച് അമേരിക്ക. അവസാന വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ അമേരിക്കയിലേക്ക് തിരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ നിയന്ത്രണം താലിബാന് ഏറ്റെടുത്തു.
ദോഹ ഉടമ്പടി പ്രകാരം ഓഗസ്റ്റ് 31നകം അഫ്ഗാന് മണ്ണ് വിടുമെന്ന യു.എസ് പ്രഖ്യാപനമാണ് പൂര്‍ത്തിയായത്. പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍ നിന്ന് യു.എസിന്റെ അവസാന സി17 വിമാനം പറന്നുയര്‍ന്നത്. അഫ്ഗാനില്‍ നിന്ന് പുറത്തു പോകാന്‍ കാത്തിരുന്ന എല്ലാവരെയും രക്ഷിക്കാനായില്ലെന്നും, എത്ര നാള് തുടര്‍ന്നാലും അതിന് സാധിക്കുകയില്ലെന്നും യു.എസ് സെന്‍ട്രല്‍ കമ്മാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സി പറഞ്ഞു. താലിബാന് കാബൂള്‍ പിടിച്ച ഓഗസ്റ്റ് 14 മുതല്‍ 1,22,000 പേരെയാണ് അഫ്ഗാനില്‍ നിന്ന് പുറത്തെത്തിച്ചത്.
അമേരിക്കയുടെ പിന്മാറ്റം താലിബാന് ആഘോഷമാക്കി. രാജ്യത്തിന് പൂര്‍ണ സ്വാതന്ത്രം ലഭിച്ചെന്നായിരുന്നു താലിബാന് നേതാക്കളുടെ പ്രതികരണം. യു.എസ് സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഒസാമ ബിന്ലാദന് അടക്കമുള്ള ഭീകരരെ വധിക്കാന്‍ സഹായിച്ച അഫ്ഗാന് ദൗത്യത്തില്‍ 2,461 സൈനികരാണ് മരിച്ചു വീണത്.