കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പെണ്‍കുട്ടി ഹിന്ദിക്കാരി ആയതിനാല്‍ പൂജാരിമാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്നും വാര്‍ത്തകള്‍ പുറത്തുവന്ന ശേഷമാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും എംഎല്‍എ പറഞ്ഞു
എംഎല്‍എ പറഞ്ഞത്
സംസ്കാരത്തിന് അല്പം മുമ്പാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍മം ചെയ്യാന്‍ ഒരാളെ കിട്ടുമോ എന്നന്വേഷിച്ചത്,’ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ‘ഉടനേ ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിനെ ഇക്കാര്യമറിയിച്ചു. അവര്‍ പറഞ്ഞതനുസരിച്ച് പഞ്ചായത്ത് മെമ്പര്‍ രമണന് ചേലാക്കുന്ന് ആണ് ആളെ കൊണ്ടുവന്നത്. ആ സമയത്ത് അതിനു തയ്യാറായ ആളെ ഞാന്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍, മെമ്പറെ തെറ്റിദ്ധരിപ്പിച്ചാണ് അയാള്‍ എത്തിയതെന്നും പൂജാരിമാര്‍ വരാന്‍ തയ്യാറായില്ലെന്ന് പറഞ്ഞത് തെറ്റാണെന്നുമാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഇയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കുന്നുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്ത് മെമ്പര്‍ രമണന് ചേലാക്കുന്ന്
പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതനുസരിച്ച് പരിചയമുള്ള ഏതാനും പൂജാരിമാരെ വിളിച്ചെങ്കിലും പെട്ടെന്ന് എത്താനുള്ള അസൗകര്യം മൂലമാണ് അവര്‍ വരാതിരുന്നതെന്ന് ചൂര്‍ണിക്കര പഞ്ചായത്ത് മെമ്പര്‍ രമണന് ചേലാക്കുന്ന് പറഞ്ഞു. ഒന്‍പത് മണിയ്ക്ക് സ്കൂളില്‍നിന്നും മൃതദേഹം എടുക്കണമായിരുന്നു. 8.50 ആയപ്പോഴാണ് കര്‍മിയെ കിട്ടുമോ എന്ന് പ്രസിഡന്റ് ചോദിക്കുന്നത്. പലരെയും വിളിച്ചെങ്കിലും അത്രവേഗത്തില്‍ എത്താന്‍ ആര്‍ക്കുമായിരുന്നില്ല. എങ്കിലും പൂജാദ്രവ്യങ്ങള്‍ സംഘടിപ്പിച്ചു. അപ്പോഴാണ് രേവദ് എന്നയാള്‍ തനിയ്ക്ക് കര്‍മങ്ങള്‍ അറിയാമെന്നും കുട്ടിയ്ക്കായി കര്‍മങ്ങള്‍ ചെയ്യാമെന്നും പറഞ്ഞുവന്നത്. ഇതിനുമുമ്പേ ഇയാള്‍ അവിടെ സജീവമായി ഉണ്ടായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. പൂജാരിയെ അന്വേഷിക്കുന്നതും മറ്റും അയാള്‍ ഫോണ്‍ വിളിക്കുന്നതിലൂടെയും മറ്റും മനസ്സിലാക്കിയിട്ടുണ്ടാകാമെന്നും രമണന് ചേലാക്കുന്ന് കൂട്ടിച്ചേര്‍ത്തു.
പരാതിയുമായി അഡ്വ. ജിയാസ് ജമാല്‍, പൂജാരി മാറ്റി പറഞ്ഞു
പലയിടത്തും പോയി അന്വേഷിച്ചെങ്കിലും പൂജ ചെയ്യാന്‍ ആരും തയ്യാറായില്ലെന്നും അതിനാല്‍ ഒരു കര്‍മം മാത്രം ചെയ്ത് പരിചയമുള്ള താന്‍ മുന്നോട്ടുവരികയായിരുന്നെന്നും രേവദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളുയര്‍ന്നു. ഇതിനിടെ താന്‍ പറഞ്ഞത് തെറ്റാണെന്ന് രേവദ് തന്നെ സമ്മതിക്കുന്ന ഒരു വോയ്സ് ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് രേവദിനെതിരേ അഡ്വ. ജിയാസ് ജമാല്‍ എറണാകുളം റൂറല്‍ എസ്.പി.യ്ക്ക് പരാതി നല്കി