രാജ്യത്ത് വര്‍ധിച്ചു വരുന്ന ഇന്ധന വില വര്‍ധനയെപ്പറ്റി ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് ബാബ രാംദേവ്. 2014ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയാല്‍ പെട്രോള്‍ വില 40ലെത്തും എന്ന് രാംദേവ് അന്ന് പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് രാംദേവ് മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടത്.
”അതെ, ഞാനങ്ങനെ പറഞ്ഞു. എന്ത് ചെയ്യാന്‍ പറ്റും? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഞാനാരാ നിങ്ങളുടെ കോണ്‍ട്രാക്ടറാണോ? ദയവായി മിണ്ടാതിരിക്കൂ. ഇത് വീണ്ടും ചോദിച്ചാല്‍, അത് നല്ലതല്ല. ഇങ്ങനെ സംസാരിക്കരുത്. നിങ്ങള്‍ ഒരു നല്ല മാതാപിതാക്കളുടെ മകനായിരിക്കുമല്ലോ.”- രാംദേവ് പറഞ്ഞു.
2014ല്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് രാംദേവ് പെട്രോള്‍ വില 40ലെത്തുമെന്ന് അറിയിച്ചത്. ”പെട്രോളിന്റെ വില 35 ആണെന്ന ഒരു പഠനം എന്നോടുണ്ട്. അതില്‍ 50 ശതമാനം ടാക്സ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ടാക്സ് ഒരു ശതമാനത്തിലേക്ക് വന്നാല്‍ പെട്രോള്‍ വില കുറയും. ഞാന്‍ ഇത്ര സാമ്പത്തിക ശാസ്ത്രമൊക്കെ പഠിച്ചിട്ടുണ്ട്.”- വിഡിയോയില്‍ രാംദേവ് പറയുന്നു.