ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.
38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷം മൂന്ന് ലക്ഷത്തിലധികം പരാതികളാണ് ചൂണ്ടിക്കാണിച്ചത്. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രം ഇത് വരെ റദ്ദാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന് അധികാരം കിട്ടിയാല്‍ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നുവെന്നും ചെന്നിത്തല.