തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച ഈ സാമ്പത്തിക വർഷത്തെ ബജറ്റ് നിരാശജനകവും ദിശാബോധം ഇല്ലാത്തതും ആവർത്തനവുമാണന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ, കര്‍ഷകർ, കൈത്തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ബജറ്റ് ഒന്നും നല്‍കുന്നില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. കൃഷി അനുബന്ധ മേഖലക്ക് തുക അപര്യാപ്തമാണെന്നും
ദിശാബോധമില്ലായ്മയാണ് ബജറ്റിന്റെ പ്രധാന ന്യൂനതയെന്നും എൽഡിഎഫ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പദ്ധതികൾ പുതിയ പേരിൽ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുകയും കേന്ദ്ര ബിജെപി സർക്കാരിനോട് അനുഭാവപൂർണമായ സമീപനം നടത്തുന്ന ബജറ്റ് പ്രഖ്യാപനം കോൺഗ്രസിന്റെ ബിജെപി പ്രീണനം മൂലമാണ്. മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന റാഞ്ചിംഗ് സംവിധാനം ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃഷി സംരക്ഷണത്തിന് ആവശ്യമായ നൂതന പദ്ധതികൾ ഒന്നും തന്നെയില്ല. പൊക്കാളി കൃഷിയെ സഹായിക്കാൻ ഒരു നടപടിയുമില്ല.വായനശാലകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുക വകയിരുത്തിയിട്ടില്ലന്നും ബജറ്റ് ചർച്ചയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. എ എസ് അനിൽകുമാർ, യേശുദാസ് പറപ്പള്ളി ,ശാരദ മോഹൻ , കെ വി രവീന്ദ്രൻ എന്നിവർ എൽഡിഎഫിനെ പ്രതിനിധീകരിച്ച് ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.